ഇടുക്കി: മനോഹരമായ കാഴ്‌ചകൾ സഞ്ചാരികൾക്കായി സമ്മാനിക്കുന്ന ഇടുക്കിയിലെ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് കള്ളിമാലി വ്യൂ പോയിൻ്റ്. ജലാശയത്തിന് ചുറ്റുമായി പച്ചപ്പ് നിറഞ്ഞ ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ഇവിടേക്ക് എത്തിയിരുന്നത്. എന്നാൽ ലോക ടൂറിസം മാപ്പിൽ ഇടം നേടിയ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ഇവിടേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്ന അവസ്ഥയിലാണ്. മദ്യപ സംഘവും സാമൂഹ്യ വിരുദ്ധരും പ്രദേശം കയ്യടക്കിയതോടെയാണ് സഞ്ചാരികൾ ഈ മനോഹര സ്ഥലം ഉപേക്ഷിച്ചത്. മാലിന്യങ്ങളും മദ്യക്കുപ്പികളും കൊണ്ടും നിറഞ്ഞ ഈ പ്രദേശം ഇപ്പോൾ കഞ്ചാവ് മാഫിയ സംഘങ്ങളുടെയും ഇടത്താവളം കൂടി മാറിയിരിക്കുകയാണ്.
പ്ലാസ്‌റ്റിക് വിമുക്തമാക്കി ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു എങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡുകളും മറ്റും സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും പുറത്തു നിന്നുള്ളവരുൾപ്പെടെ മാലിന്യങ്ങൾ കൊണ്ടു വന്ന് ഇവിടെ നിക്ഷേപിക്കുന്ന അവസ്ഥയിലുമെത്തിയിരിക്കുകയാണ്.
സന്ധ്യമയങ്ങിയാൽ പ്രദേശവാസികൾക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും പ്രദേശം മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.