ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ സുരക്ഷാ ജോലിക്കാരുടെ ഓഫീസ് അതീവ അപകടാവസ്ഥയില്‍. അണക്കെട്ടിന് സമീപത്തെ കെട്ടിടം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന് കീഴിലുള്ള ജീവനക്കാരാണ് അണക്കെട്ടിനോട് ചേര്‍ന്നുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിനുള്ളില്‍ ജീവന്‍ പണയപ്പെടുത്തി സേവനമനുഷ്‌ഠിക്കുന്നത്. കരാറടിസ്ഥാനത്തില്‍ ഏഴ് പേരാണിവിടെ ജോലിക്കുള്ളത്. ഓരോ മഴക്കാലത്തും ജീവന്‍ കയ്യില്‍പ്പിടിച്ചാണ് ജീവനക്കാര്‍ ബലക്ഷയം സംഭവിച്ച ഓഫീസിനുള്ളില്‍ കഴിഞ്ഞ് കൂടുന്നത്.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ഇരുമ്പു കമ്പികള്‍ പാതിയും പുറത്തു വന്നു കഴിഞ്ഞു. ഭിത്തികള്‍ വിണ്ടു കീറാന്‍ ഒരിടവും ബാക്കിയില്ലെന്ന് മാത്രമല്ല കെട്ടിടത്തിന് ചെരിവും സംഭവിച്ചിട്ടുണ്ട്. ചോര്‍ച്ച മൂലം മേല്‍ക്കൂരയാകെ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് പൊതിഞ്ഞിട്ടിരിക്കുകയാണ്. അണക്കെട്ടിനോട് തൊട്ട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടം തകര്‍ന്ന് വീണാല്‍ വലിയ അത്യാഹിതത്തിന് വഴിയൊരുക്കും.