ഇടുക്കി : ഫേസ്‌ബുക്ക് കമന്‍റിന്‍റെ പേരിൽ കൈകാലുകൾ അടിച്ചൊടിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ജോസഫ് വെച്ചൂരിനെ സന്ദർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കേസിൽ പ്രതികളായ സിപിഎം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് കേരള കോൺഗ്രസ് എം മണ്ഡലം ഭാരവാഹിയെ തെഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമന്‍റിട്ടെന്നാരോപിച്ചാണ് ഒരു സംഘം ജോസഫിനെ മർദിച്ചത്. രാത്രി കടയിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ജോസഫിന്‍റെ കൈയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു.
സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ജോസഫിന്‍റെ മൊഴി. കോൺഗ്രസ് പ്രവർത്തകരെന്ന വ്യാജേന ഫോണിൽ വിളിച്ച് ജോസഫ് നിൽക്കുന്ന സ്ഥലം മനസിലാക്കിയശേഷമായിരുന്നു പി.പി.സുമേഷിന്‍റെ നേതൃത്വത്തിൽ ഇരുപതംഗ സംഘത്തിന്‍റെ ആക്രമണം.
ALSO READ: ഇ-വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്ഇബി ചെയർമാൻ
പ്രതികളായ സിപിഎം പ്രവർത്തകരെ പാര്‍ട്ടി സംരക്ഷിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കേസിൽ പൊലീസ് അനാസ്ഥക്കെതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.