ഇടുക്കി: എല്ലുകള്‍ പൊടിയുന്ന അപൂര്‍വമായ അസുഖം ബാധിച്ച രാജാക്കാട് മമ്മട്ടിക്കാനം നെല്ലിക്കുന്നേല്‍ ലീലാമ്മയുടെ മകന്‍ ജിബിന്‍ അജി സ്‌കൂളില്‍ പോകാറില്ല. വീട്ടിലിരുന്നാണ് പഠനം. പഴയവിടുതി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ജിബിനെ അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കും. ഇത്തവണ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചപ്പോഴും ജിബിന്‍ വീട്ടില്‍ തനിച്ചായിരുന്നു. പക്ഷേ ജിബിനെ തനിച്ചാക്കാന്‍ ബി.ആര്‍.സിയിലെ അധ്യാപകര്‍ തയ്യാറായില്ല. ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി അവര്‍ ജിബിന്‍റെ വീട്ടിലെത്തി അത്തപ്പൂക്കളമിട്ടും ഓണപ്പാട്ടുകൾ പാടിയും ഓണം കെങ്കേമമായി തന്നെ ആഘോഷിച്ചു.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, വാര്‍ഡ് മെമ്പര്‍ ശോഭന രാമന്‍കുട്ടി എന്നിവരും ഓണക്കോടിയും ഓണക്കിറ്റുമെത്തിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാവരും വീട്ടിലെത്തിയപ്പോള്‍ ജീവിതത്തില്‍ ഇന്നേവരെ കിട്ടാത്ത ഓണക്കാലമാണ് സമ്മാനമായി ലഭിച്ചതെന്നായിരുന്നു ജിബിന്‍റെ പ്രതികരണം. ബി.ആര്‍.സി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഗംഗാധരന്‍, ബി.പി.ഒ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.