പെരിയാർ നദിയിൽ നിന്നും വൻകിട എസ്റ്റേറ്റുകളിലേക്ക് അനധികൃത ജലമൂറ്റല്‍ തുടരുന്നു. ജലചൂഷണം മൂലം പെരിയാറിനെ ആശ്രയിക്കുന്ന വലുതും ചെറുതുമായ നൂറോളം കുടിവെള്ള പദ്ധതികളെയും ,ജനങ്ങളെയുമാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ നദി മിക്കയിടങ്ങളിലും വറ്റിവരണ്ട അവസ്ഥയിലാണ്. ഇതിനിടെയാണ് വന്‍കിട എസ്റ്റേറ്റുകള്‍ ജലചൂഷണം നടത്തുന്നത്.
മുൻവർഷങ്ങളിൽ വള്ളക്കടവ് മുതൽ ആലടി വരെ നിരവധി വൻകിട തോട്ടങ്ങളാണ് പെരിയാറിൽ നിന്നും വ്യാപകമായി ജലചൂഷണം നടത്തിയത്. മിക്ക തോട്ടങ്ങളും ജില്ലാഭരണകൂടത്തിന്‍റെ അനുമതി ഇല്ലാതെയായിരുന്നു ജലമൂറ്റിയിരുന്നത്. വലിയ പ്രക്ഷോഭങ്ങൾക്കും സംഘർഷത്തിനും വരെ ഇത് ഇടയാക്കിയിരുന്നു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന് മേൽ ജില്ലാ ഭരണകൂടമാണ് തേയില ,കാപ്പിത്തോട്ടങ്ങൾ നനയ്ക്കുവാൻ ആവശ്യമെങ്കിൽ പെരിയാറിലെ ജലം ഉപയോഗിക്കാൻ അനുമതി നൽകുന്നത് .
രാത്രികാലങ്ങളിലാണ് ഇത്തരം എസ്റ്റേറ്റുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നത് .ഇതിനായി പ്രദേശത്ത് കൂറ്റൻ പമ്പുകളും ഇവർ സ്ഥാപിച്ചിട്ടുണ്ട് .പ്രദേശത്ത് ജലമൂറ്റൽ തുടരുകയാണെങ്കിൽ പെരിയാർ നദിയെ ആശ്രയിച്ച് നടക്കുന്ന കുടിവെള്ള സ്രോതസ്സുകളും ജനങ്ങളും വളരെയധികം ബുദ്ധിമുട്ടു നേരിടും.