ഇടുക്കി: ഇടുക്കിയില്‍ റേഷന്‍ വിതരണത്തില്‍ ഗുരുതര വീഴ്‌ച. ഓഗസ്‌റ്റില്‍ വിതരണം ചെയ്യേണ്ടിയിരുന്ന തൊണ്ണൂറായിരം കിലോയിലധികം ഭക്ഷ്യധാന്യം വിതരണം ചെയ്‌തില്ല. ക്ലറിക്കല്‍ പിഴവ് മൂലമാണ് ഭക്ഷ്യ ധാന്യ വിതരണത്തില്‍ വീഴ്‌ച സംഭവിച്ചത്.
ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷധാന്യ വിതരണത്തിലാണ് വീഴ്‌ച സംഭവിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതമായി പിങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യ ധാന്യം ഓഗസ്‌റ്റിൽ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുകള്‍ക്കായി തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണമാണ് മുടങ്ങിയത്.
പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യമാണ് കേന്ദ്ര വിഹിതമായി നല്‍കുന്നത്. നേരത്തെ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് നല്‍കിയിരുന്നത്. എന്നാൽ ഓഗസ്‌റ്റ് മുതല്‍ ഗോതമ്പ് ഒഴിവാക്കി അരി മാത്രമാണ് നല്‍കുന്നത്. ആകെ അഞ്ച് കിലോ അരി വിതരണം ചെയ്യണമെന്നിരിക്കെ നാല് കിലോയാണ് ഓഗസ്‌റ്റിൽ നൽകിയത്.
ഒരു കിലോ ഗോതമ്പിന് പകരം, അരി കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് സംബന്ധിച്ച്, കൃത്യമായ റിപ്പോര്‍ട്ട്, ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നും സമര്‍പ്പിയ്‌ക്കാത്തതാണ് വീഴ്‌ചയ്‌ക്ക് കാരണം. ഇതോടെ തോട്ടംമേഖലയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ വിഹിതം മുടങ്ങി. സെപ്‌റ്റംബറില്‍ തെറ്റ് തിരുത്തി ഓഗസ്‌റ്റിൽ ലഭിക്കാതിരുന്ന അരി വിതരണം ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും കാര്‍ഡ് ഒന്നിന് ഒരു കിലോ മാത്രമാണ് നല്‍കിയത്.
നഷ്‌ടപെട്ട റേഷൻ വിഹിതം, വരും മാസങ്ങളില്‍ അധികമായി ലഭിയ്‌ക്കുമെന്നാണ് ഉടുമ്പന്‍ചോല സപ്ലൈ ഓഫിസിന്‍റെ വിശദീകരണം. എന്നാൽ റേഷൻ വിതരണത്തിൽ ക്ലറിക്കല്‍ പിഴവ് ഉണ്ടായിട്ടും ജീവനക്കാര്‍ക്കെതിരെ ഇതുവരെ അധികൃതര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.