ഇടുക്കി: ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അതിര്‍ത്തി മേഖലയിലൂടെ ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയുന്നതിനായി പരിശോധന കര്‍ശനമാക്കി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് തടയുന്നതിനായി പ്രത്യേക പരിശോധന നടത്തും. കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലെ സമാന്തര പാതകള്‍ വഴി കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കേരളത്തിലേയ്ക്ക് കടത്തുന്നതും വന മേഖല കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് കണ്ടെത്തുന്നതിനുമാണ് സംയുക്ത പരിശോധന നടത്തുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വിവിധ കേസുകളിലായി, അതിര്‍ത്തി മേഖലയില്‍ നിന്നും 500 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വിദേശ മദ്യവും കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി അഞ്ച് കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. രണ്ട് കഞ്ചാവ് കേസുകളും പിടികൂടിയിട്ടുണ്ട്. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.