ഇടുക്കി : നെടുങ്കണ്ടത്ത് വിതരണം ചെയ്‌ത റേഷനരിയില്‍ വണ്ടുകളെയും ചെറുപ്രാണികളേയും കണ്ടെത്തി. ഉപയോഗ ശൂന്യമായ അരി ഉപഭോക്താക്കള്‍ തിരികെ എത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പകരം അരി വിതരണം ചെയ്യുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്‌ത അരിയിലാണ് വണ്ടുകളെയും ചെറുപ്രാണികളെയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയ നിരവധി ഉപഭോക്താക്കള്‍ക്ക് ഉപയോഗ ശൂന്യമായ അരിയാണ് ലഭിച്ചത്. ഇവരില്‍ പലരും അരി തിരികെ എത്തിച്ചതിനെ തുടർന്ന് റേഷന്‍ സ്ഥാപന ഉടമ പകരം അരി വിതരണം ചെയ്‌തിരുന്നു.
വണ്ടന്‍മേട്ടിലെ ഗോഡൗണില്‍ ഗോതമ്പ് ചാക്കുകള്‍ക്ക് സമീപത്തായാണ് അരിച്ചാക്കുകളും സൂക്ഷിച്ചിരുന്നത്. ഗോഡൗണിലെ ഗോതമ്പ് ചാക്കുകളില്‍ വണ്ടുകളും പ്രാണികളും പെരുകിയതാകാമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
ഉപഭോക്താക്കള്‍ തിരികെ എത്തിച്ച അരിയ്ക്ക് പകരം ഗുണമേന്മയുള്ള അരി റേഷന്‍ സ്ഥാപനത്തിലേക്ക് വിതരണം ചെയ്യും. മറ്റ് റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ച അരിയില്‍ വണ്ടുകള്‍ ഉണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കുമെന്നും സിവിൽ സപ്ലൈസ് ഓഫിസർ അറിയിച്ചു.