ഇടുക്കി: ഇന്തോനേഷ്യൻ വാഴയിനമായ 'പൊപൗലു' ഹൈറേഞ്ചിൽ സമൃദ്ധമായി വിളവ് തരുമെന്ന് തെളിയിച്ചിരിക്കുകയാണ് നെടുങ്കണ്ടം മഞ്ഞപ്പെട്ടി സെന്‍റ് മേരീസ് പള്ളിയിലെ വികാരിയായ ഫാ.സിജോ പൗവ്വത്തില്‍. പരീക്ഷണാടിസ്ഥാനത്തില്‍ പള്ളി വളപ്പിൽ നട്ട രണ്ട് വാഴകളാണ് കുലച്ചത്. പൊപൗലുവിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള നിരവധി കർഷകരാണ് നേരിൽ കാണുവാനായ് പള്ളിമുറ്റത്തേയ്ക്ക് എത്തുന്നത്.
വളരെയധികം കൗതുകമുണര്‍ത്തുന്ന വാഴയിനമാണ് ഇന്തോനേഷ്യൻ സ്വദേശിയായ പൊപൗലു. വാഴയിനത്തെക്കുറിച്ച് വായിച്ചറിഞ്ഞ ഫാ.സിജോ പൗവ്വത്തില്‍ ഏറെ പരിശ്രമിച്ചാണ് വാഴയുടെ കന്നുകള്‍ സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാല പഠന ആവശ്യത്തിന് മാത്രമാണ് ഇന്ത്യയിൽ ഈ ഇനം വളർത്തുന്നത്. പഴുപ്പിച്ച് പഴമായി ഉപയോഗിക്കാനാവില്ലെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. കായവറുക്കാനും കറിവെക്കാനും ഉപയോഗിക്കാം.
ഇടുക്കിയിലെ കാലാവസ്ഥയില്‍ മികച്ചവിളവ് നല്‍കാന്‍ പൊപൗലുവിന് കഴിയുമെന്ന് പള്ളി വികാരി പറയുന്നു. നല്ലബലമുള്ള വാഴയിനമായതിനാൽ ഊന്നിന്‍റെ ആവശ്യമില്ലെന്നത് ഇടുക്കിയിലെ മലഞ്ചെരുവുകളിൽ കൃഷി ആയാസ രഹിതമാക്കുമെന്ന് വികാരി പറയുന്നു. ഒരു പടലയില്‍ 14 പഴം വരെയുണ്ടാകും. കുറഞ്ഞ ജൈവ വളത്തില്‍ മികച്ച വിളവ് നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുലയ്ക്ക് 20 കിലോമുതല്‍ 28 കിലോവരെ തൂക്കംവരും. വികാരിയുടെ പരീക്ഷണം വൻ വിജയമായതോടെ കൂടുതൽ കന്നുകൾ നട്ട് പള്ളിമുറ്റത്ത് പൊപൗലു തോട്ടമുണ്ടാക്കുവാനുള്ള ഒരുക്കത്തിലാണ് ഇടവകയിലുള്ളവർ.