ഇടുക്കി: വിവാദ പ്രസംഗവുമായി പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ നേതാവുമായ പിസി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ലൗജിഹാദ് ഇല്ലെന്ന് പറഞ്ഞ സുപ്രീം കോടതി നിരീക്ഷണം തെറ്റാണെന്നുമായിരുന്നു പരാമര്‍ശം. ഇടുക്കി തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലൗജിഹാദ് ഇല്ലെന്നാണ് സുപ്രീം കോടതി പറയുന്നത്, പക്ഷെ ലൗജിഹാദുണ്ടെന്ന് തനിക്കറിയാം. ഉണ്ടെന്ന് പറഞ്ഞാല്‍ കോടതി തൂക്കിലിടുമോയെന്നും പിസി ജോര്‍ജ് ചോദിച്ചു.
നിലവിലത്തെ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. തന്‍റെ പരാമര്‍ശങ്ങള്‍ പ്രശ്നമാകുമെന്നറിയാം. അതൊക്കെ നേരിടാന്‍ തയ്യാറാണ്. ലൗജിഹാദ് പോലെയുള്ള വര്‍ഗീയ നിലപാടുകള്‍ മതേതര ജനാധിപത്യ രാജ്യത്ത് യഥേഷ്ടം നടക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തുടരുന്ന മതേതരത്വം ഈ രീതിയിലാണെന്നുമായിരുന്നു പി.സി ജോര്‍ജിന്‍റെ വാക്കുകള്‍.