ഇടുക്കി: ജില്ലയിലെ പ്രദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ മാലിന്യം കുമിഞ്ഞുകൂടുന്നു. പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കുമിഞ്ഞ് കൂടിയതോടെ ഇവിടങ്ങളിലേക്കുള്ള സന്ദർശനം ദുഷ്കരമായി. ജില്ലയിലെ പ്രധാന പ്രാദേശിക കേന്ദ്രങ്ങളായ ചതുരംഗപ്പാറ, തൂവൽ, മാൻകൊത്തിമേട്, രാമക്കൽമേട്, സൂര്യനെല്ലി തുടങ്ങിയ ഇടങ്ങളിലാണ് ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നത്. മാസങ്ങൾക്ക് ശേഷം പ്രാദേശിക കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് മേഖലയിലേക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങൾക്ക് സമീപം വലിച്ചെറിയുന്ന മാലിന്യം വൃത്തിയാക്കാത്തതുമൂലം ചീഞ്ഞ് ദുർഗന്ധമുണ്ടാകുന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് കവറുകള്‍ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും വർധിച്ചിട്ടുണ്ട്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും മേഖലയിലെ വ്യാപാരികളുടെയും ആവശ്യം. അതേ സമയം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് സഞ്ചാരികൾ പറയുന്നു. ആവശ്യത്തിന് ശുചി മുറികളോ, ഡസ്റ്റ് ബിന്നുകളോ പോലും മിക്ക കേന്ദ്രങ്ങളിലുമില്ല. ഡിടിപിസി ഉൾപ്പെടെയുള്ള ഏജൻസികളുടെ അലംഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.