ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്ത കിലോക്കണക്കിന് മത്സ്യം പിടികൂടി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ചതും ചീഞ്ഞതുമായ മത്സ്യം കണ്ടെത്തി നശിപ്പിച്ചത്. ഇതുവരെ 99.5 കിലോമത്സ്യം പിടികൂടി നശിപ്പിച്ചു.
ലോക്ക് ഡൗണിന് മുമ്പ് മുതൽ ശേഖരിച്ചു വെച്ച മത്സ്യം വ്യാപകമായ് ഹൈറേഞ്ച് മേഖലയിൽ വിൽപന നടത്തുന്നതായുള്ള വിവരത്തെത്തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി വ്യാപക പരിശോധന നടത്തിയത്. നെടുങ്കണ്ടം, തൂക്കുപാലം, ഉടുമ്പൻചോല, കട്ടപ്പന, കാഞ്ചിയാർ മേഖലകളിൽ നടത്തിയ പരിശോധനകളിൽ 38 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഗുരുതര ക്രമക്കേട് കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നെടുങ്കണ്ടത്തു നിന്ന് മാത്രം 25 കിലോ അഴുകിയ മത്സ്യം പിടികൂടി. നെടുങ്കണ്ടത്ത് കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് പുഴുവരിച്ച മത്സ്യം വിൽപന നടത്തിയതിന് പൂട്ടിച്ച കടയിൽ നടത്തിയ തെരച്ചിലിൽ വീണ്ടും അഞ്ച് കിലോ ചീഞ്ഞതും പുഴുവരിച്ചതുമായ മീനും പിടികൂടി.
ഫിഷറീസ്, ഫുഡ് & സേഫ്റ്റി, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
also read:കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്ന്