ഇടുക്കി: ജില്ലയിലെ പ്രധാന അണക്കെട്ടുകളായ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ അണക്കെട്ടുകളില്‍ അപായ സൈറനുകൾ സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സൈറനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എറണാകുളത്തെ കൊച്ചിൻ ഫയർ ടെക് കമ്പനിക്കായിരുന്നു നിർമാണച്ചുമതല.
77,000 രൂപ ചെലവിട്ട് അഞ്ച് കിലോമീറ്റർ ദൂരം വരെ മുന്നറിയിപ്പ് നൽകുവാൻ ശേഷിയുള്ള സർക്കിൾ മോഷൻ സൈറനുകളാണ് മൂന്നിടത്തും സ്ഥാപിച്ചിരിക്കുന്നത്. പ്രളയകാലത്ത് അണക്കെട്ടുകള്‍ തുറന്ന് വിടേണ്ട സാഹചര്യത്തില്‍ സൈറനുകളുടെ അഭാവം അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ ഭാഗത്തോട് ചേര്‍ന്നുള്ള കണ്‍ട്രോള്‍ റൂമിലാണ് സൈറൺ സ്ഥാപിച്ചിരിക്കുന്നത്. സൈറന്‍ ട്രയല്‍ റണ്‍ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ശിവരാമന്‍ നിര്‍വഹിച്ചു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജീവ് കുമാർ, സബ് എഞ്ചിനീയർ ലാലി പി. ജോൺ എന്നിവരടങ്ങിയ സംഘം ട്രയൽ റണിന് നേതൃത്വം നൽകി.