ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തി ഒഴുപ്പിച്ചു. ചിന്നക്കനാല്‍ വേണാടിന് സമീപം സര്‍വ്വേ നമ്പര്‍ 120-1ല്‍പെട്ട രണ്ടേക്കറോളം റവന്യൂ ഭൂമിയാണ് ഒഴുപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ സമീപത്ത് തന്നെയുണ്ടായിരുന്ന പത്തേക്കറോളം ഭൂമിയിലെ കയ്യേറ്റം റവന്യൂ സംഘം തിരിച്ച് പിടിച്ചിരുന്നു.
പ്രദേശത്തെ ടൂറിസം സാധ്യത മുന്നിൽകണ്ട് ഭൂമാഫിയാ പ്രദേശത്ത് പിടിമുറുക്കുന്നതായും വിവരമുണ്ട്.
ലോക്ക് ഡൗണിന്‍റെ മറവിലാണ് ചിന്നക്കനാലിലെ റവന്യൂ ഭൂമികളില്‍ വീണ്ടും വ്യാപാകമായ കയ്യേറ്റം നടന്നിരിക്കുന്നത്. വിനോദ സഞ്ചാര സാധ്യത ഏറെയുള്ള ചിന്നക്കനാല്‍ മുനിപ്പാറയിലെ 213 ഏക്കര്‍ ഭൂമിയിലാണ് വ്യാപാകമായ കയ്യേറ്റം കണ്ടെത്തിയത്.
ഏലം കൃഷിയിറക്കി ഭൂമി കയ്യേറ്റം
കഴിഞ്ഞ ദിവസം ഏലം കൃഷിയിറക്കി കയ്യേറിയിരുന്ന പത്തേക്കര്‍ ഭൂമി തിരിച്ച് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇതിന് സമീപത്ത് തന്നെയുള്ള രണ്ടേക്കറോളം വരുന്ന കയ്യേറ്റം ഒഴുപ്പിച്ചത്. ഇവിടെയും ഏലം കൃഷി ആരംഭിച്ചാണ് കയ്യേറ്റം നടത്തിയത്. സര്‍വ്വേ നമ്പര്‍ 120/1-ല്‍പെട്ട പാറ പുറംപോക്ക് ഭൂമിയിലാണ് കയ്യേറ്റം നടത്തിയത്.
ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സുനില്‍ കെ പോളിന്‍റെ നേതൃത്വത്തില്‍ ഭൂ സംരക്ഷണ സേനാ അംഗങ്ങളുടെ സഹായത്തോടെയാണ് ഏലച്ചെടികള്‍ പിഴുത് മാറ്റി കയ്യേറ്റം ഒഴുപ്പിച്ചത്.
Also read: ഇടുക്കി ചിന്നക്കനാലില്‍ റവന്യൂ ഭൂമി കയ്യേറാന്‍ ശ്രമം
കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി മുമ്പോട്ട് പോകുമെന്നും റവന്യൂ സംഘം വ്യക്തമാക്കി. റിസോര്‍ട്ട് ഭൂമാഫിയയുടെ ഇടപെടലാണ് കയ്യേറ്റത്തിന് പിന്നില്‍. തദ്ദേശീയരായ ആളുകളെ കൊണ്ട് ചെറിയ രീതിയില്‍ ഏലം കൃഷി ആരംഭിച്ച് പിന്നീട് വ്യാജ രേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതിനുള്ള നീക്കമാണ് പ്രദേശത്ത് വ്യാപകമായി നടക്കുന്നത്. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിനും ഉടന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി.