ഇടുക്കി: ഇടുക്കിയിൽ ഏലത്തോട്ടം തൊഴിലാളികൾക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന നിരവധി ലയങ്ങളുള്ള ഉടുമ്പൻചോല പഞ്ചായത്തിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്. ലക്ഷണങ്ങളുള്ളവർ പനിക്കുള്ള ഗുളികകൾ കഴിച്ച് രോഗവിവരം മറച്ചുവെക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാന പാതയും പോക്കറ്റ് റോഡുകളുമെല്ലാം ബാരിക്കേഡുകൾ വെച്ച് അടച്ച് പൊലീസ് ഉദ്യോഗസ്ഥർ കാവൽ നിന്നിട്ടും സത്യവാങ്മൂലമോ മാസ്കോ പോലും ശരിയായ രീതിയിൽ ധരിക്കാതെയാണ് തോട്ടം തൊഴിലാളികൾ നിസ്സാര ആവശ്യങ്ങൾക്ക് ടൗണിലേക്ക് ഇറങ്ങുന്നത്. 545 രോഗികളാണ് നിലവിൽ പഞ്ചായത്തിൽ മാത്രമുള്ളത്. നിയമം ലംഘിക്കുകയും രോഗം പടർത്താൻ ശ്രമിക്കുന്നവർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ടും കൂടുതൽ ഫോഴ്‌സിനെ പഞ്ചായത്തിൽ വിന്യസിപ്പിക്കണമെന്നും ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായ് കലക്‌ടർ, എസ് പി, ആരോഗ്യ വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ഓൺലൈൻ യോഗം ചേർന്നു. സ്ഥിതി അതീവ ഗുരുതരമാണെങ്കിലും നിയന്ത്രണ വിധേയമാണന്നാണ് വിലയിരുത്തൽ. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിനൊപ്പം ലയങ്ങൾ കയറിയുള്ള ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പയിന്‍ നടത്താനും തീരുമാനമായി.
Also read: മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധം വിലയിരുത്തി ആരോഗ്യമന്ത്രി