ഇടുക്കി : കൊവിഡ് രണ്ടാം തരംഗത്തിൽ നാടാകെ പകച്ചുനിൽക്കുമ്പോൾ സഹായഹസ്‌തവുമായി നിരവധി സംഘടനകളാണ് രംഗത്തുവരുന്നത്. അത്തരത്തിൽ ഒരു വേറിട്ട കാഴ്‌ചയാണ് കരുണാപുരത്തുനിന്നും ഒരു കൂട്ടം യുവാക്കൾ സമ്മാനിക്കുന്നത്. കൊവിഡ് വ്യാപനവും തുടർന്നു വന്ന ലോക്ക്‌ഡൗണും കാരണം ജോലിക്ക് പോകാൻ കഴിയാത്തവർക്ക് ഈ യുവാക്കൾ തുണയേകുന്നു.
പച്ചക്കറി, പലവ്യഞ്ജനങ്ങൾ, മരുന്നുകൾ എന്നിവ എത്തിച്ച കൊടുക്കുന്നതിനൊപ്പം ആശുപത്രിയിൽ പോകാൻ വാഹന സൗകര്യം ഏർപ്പാടാക്കും. കരുണാപുരം, തണ്ണിപ്പാറ, കൂട്ടാർ മേഖലകളിലാണ് ഇവരുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ. കരുണാപുരം സ്വദേശി ബോണി മോൻ ബെന്നിയാണ് നേതൃത്വം നൽകുന്നത്.
കമ്പംമേട് ചെക്ക് പോസ്‌റ്റിൽ ദൂരദേശങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ സഹായമെത്തിക്കുന്നു. ലോക്ക്‌ഡൗണിലൂടെ ഇവിടെ ഉണ്ടായിരുന്ന ഹോട്ടലുകളും ഭക്ഷണശാലകളും അടഞ്ഞതോടെ പ്രതിസന്ധയിൽ ആയിരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ദുരിതകാലത്ത് സേവനങ്ങളിലൂടെ മാതൃകയാകുകയാണ് ഈ യുവസംഘം.