ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താതെ പൊലീസ്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമമാണ് ചുമത്താതിരുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്‌ചയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
കഴിഞ്ഞ ജൂണ്‍ മാസം 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയല്‍വാസിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ പൊലീസ് പിടിയിലായി. പെണ്‍കുട്ടിക്ക് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തി. മിഠായിയും ഭക്ഷ്യവസ്തുക്കളും നല്‍കിയായിരുന്നു പീഡനമെന്ന പൊലീസ് കണ്ടെത്തല്‍ സാധൂകരിക്കുന്ന സാക്ഷി മൊഴികളും ലഭിച്ചു.
ALSO READ: ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വസിച്ച് മുന്നോട്ടുപോകരുതെന്ന് ദിലീപ് ; എഫ്.ഐ.ആർ പരിശോധിച്ച് ഹൈക്കോടതി
എന്നാല്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ചേര്‍ക്കേണ്ടിയിരുന്ന പ്രധാന വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വണ്ടിപ്പെരിയാര്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിൽ ഇയാള്‍ ഇതരജാതിക്കാരനാണെന്ന് വ്യക്തമാക്കുന്നു. അങ്ങനെയൊരാള്‍ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ചുമത്തേണ്ടിയിരുന്ന എസ്.സി.എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള 325-ാം വകുപ്പ് പൊലീസ് ഒഴിവാക്കി.
ഈ വകുപ്പ് ചേര്‍ക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യവും അവഗണിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ധനസഹായം ഇല്ലാതാവുകയും ചെയ്‌തു. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. വിഷയത്തില്‍ രണ്ടാഴ്‌ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം.