ഇടുക്കി: കൊവിഡ് കാലം പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അതിജീവനത്തിന്‍റെ മാർഗങ്ങൾ തേടിയവർ വിജയം സ്വപ്‌നം കാണുകയാണ്. ഇടുക്കി ജില്ലയിലെ കുഴിത്തൊളു സ്വദേശികളായ ഇരട്ട സഹോദരിമാർ സ്വപ്നം കണ്ടത് യാഥാർഥ്യമാക്കുകയാണ്. കോട്ടപ്പുറം റെജി- ലിസി ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിയയും മരീനയും. ഇരുവരും മൂന്നാം വർഷ ബി.എസ്.ഡബ്ല്യു വിദ്യാർഥികൾ.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഠനം ഓൺലൈനായി. പഠന ശേഷം ലഭിച്ച ഒഴിവുസമയം വിനിയോഗിക്കാനായി വീടിനോട് ചേർന്ന് ഫാം ആരംഭിച്ചു. കോഴി, ആട്, താറാവ്, മുയൽ എന്നിവയൊക്കയായി ഫാം സജീവമാണ്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഫാം വിപുലമാക്കി. ഒപ്പം മീൻ വളർത്തലും ആരംഭിച്ചു. നാടൻ മുയലുകളെ കട്ടപ്പനയിലെ ചന്തയിലെത്തിച്ച് വിൽക്കും. ആവശ്യക്കാർ ഫാമിലെത്തിയും മുയലുകളെ വാങ്ങും. പഠനം പൂർത്തിയാക്കിയാൽ കാർഷിക മേഖലയിൽ കൂടുതൽ സജീവമാകാനും ഫാം വിപുലപ്പെടുത്താനുമാണ് സഹോദരിമാരുടെ തീരുമാനം.