ഇടുക്കി: 2018 ലെ പ്രളയകാലത്ത് അപകടാവസ്ഥയിലായ നെടുങ്കണ്ടം - തൂവല്‍ ചപ്പാത്ത് പുനര്‍നിര്‍മിക്കാന്‍ ഇനിയും നടപടിയായില്ല. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ താത്‌ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തിയാണ് നിലവില്‍ ചപ്പാത്ത് സംരക്ഷിക്കുന്നത്. ഉയരത്തില്‍ പാലം നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടില്ല.
പ്രളയകാലത്തെ ശക്തമായ മലവെള്ളപ്പാച്ചിലില്‍ തൂവല്‍ അരുവിയ്‌ക്ക് കുറുകെയുള്ള ചപ്പാത്ത് ഭാഗികമായി തകര്‍ന്നിരുന്നു. പിന്നീട് ജനകീയ കൂട്ടായ്‌മ പാലം പുനര്‍നിര്‍മിച്ചു. എന്നാല്‍, തുടര്‍ച്ചയായി കല്ലാര്‍ ഡാം തുറന്നുവിടുന്നത് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കി. ഇക്കഴിഞ്ഞ മെയ് മാസത്തെ മഴയിലും ചപ്പാത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സഞ്ചാരികളുടേത് ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന ഘട്ടത്തില്‍ ഗതാഗതം തടസപ്പെടാറുണ്ട്. ഇത്തവണ, പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്‌ത് കൂടുതല്‍ വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, അടുത്ത മഴക്കാലത്തെ ചപ്പാത്ത് അതിജീവിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.