ഇടുക്കി: 2018ലെ പ്രളയത്തേത്തുടർന്ന് പ്രളയബാധിത മേഖലയായി പ്രഖ്യാപിച്ച ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ ശംഖുരുണ്ടാൻ കോളനിയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഇതുവരെ നടപടിയായില്ല. പ്രളയബാധിത മേഖലയായ ഇവിടെ താമസിക്കുന്നവർക്ക് സർക്കാരിൽ നിന്നോ പഞ്ചായത്തിൽ നിന്നോ യാതൊരു രേഖകളും ഇപ്പോൾ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
45 ഓളം കുടുംബങ്ങളാണ് വണ്ടൻമേട് ശംഖുരുണ്ടാൻ കോളനിയിൽ താമസിക്കുന്നത്. 2018ലെ പ്രളയത്തിൽ ഇവിടെ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് റവന്യു സംഘം നടത്തിയ പരിശോധനയിൽ ഈ പ്രദേശം വാസയോഗ്യമല്ലെന്ന് കണ്ടെത്തി. മുഴുവൻ കുടുംബങ്ങൾക്കും പകരം ഭൂമി നൽകി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ടു വർഷമായിട്ടും ഇവരുടെ പുനരധിവാസം സാധ്യമായില്ല. ഇപ്പോഴും ശംഖുരുണ്ടാൻ കോളനിയിൽ തന്നെയാണ് ഈ 45 കുടുംബങ്ങളും താമസിക്കുന്നത്. വാസയോഗ്യമല്ലെന്ന് റിപ്പോർട്ടുള്ളതിനാൽ ഇവിടെ കഴിയുന്നവർക്ക് സർക്കാരിൽ നിന്നോ ഗ്രാമ പഞ്ചായത്തിൽ നിന്നോ യാതൊരു രേഖകളും ലഭിക്കുന്നില്ല.
കോളനിയിലെ മിക്കവീടുകളും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. എന്നാൽ ഗ്രാമ പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയെങ്കിലും പ്രളയബാധിത മേഖല എന്ന കാരണത്താൽ ഫണ്ട് അനുവധിക്കാൻ കഴിയില്ലെന്നാണ് അധികൃതർ നൽകുന്ന മറുപടി. തങ്ങളെ പുനരധിവസിപ്പിക്കുകയോ കോളനിയിലെ വീടുകൾ പുനർനിർമ്മിക്കുകയോ ചെയ്യാൻ അടിയന്തിര നടപടി സീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ