ഇടുക്കി: ആക്രിയിൽ നിന്നും ചരിത്ര ശേഷിപ്പുകൾ തേടുകയാണ് ഇടുക്കി രാജാക്കാട് സ്വദേശി മത്തായി. ചരിത്ര പ്രാധാന്യവും പഴമയുടെ അടയാളപ്പെടുത്തലുമായ പുരാവസ്‌തുക്കൾ ആക്രി സാധങ്ങൾക്ക് ഇടയിൽ നിന്നും തെരഞ്ഞെടുത്ത് നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് മത്തായി പുയ്യക്കല്‍. മത്തായി വർഷങ്ങളായി ഇടുക്കി രാജാക്കാട്ടിൽ ആക്രിവ്യാപാരം ചെയ്യുകയാണ്.
വ്യാപാരസ്ഥാപനത്തിലേക്ക് എത്തുന്ന ഉപയോഗശൂന്യമായ വസ്‌തുക്കൾക്ക് ഇടയിൽ മത്തായി സൂക്ഷ്‌മ നിരീക്ഷണം നടത്തും. ചരിത്ര കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തലുകൾ തേടിയുള്ള തെരച്ചിലുകളാണിത്. വീടുകളിൽ നിന്നും പുതുതലമുറ ആക്രിവിലക്ക് നൽകി ഒഴിവാക്കുന്ന പലതും ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകൾ കൂടിയാണ് മത്തായിക്ക്. അതെല്ലാം ആക്രിക്ക് ഇടയിൽ നിന്നുള്ള നിധി ശേഖരമാണ്.
രാജഭരണകാലത്തെ ചരിത്ര കഥകൾ പറയുന്ന പലതും ഇന്ന് മത്തായിയുടെ ശേഖരത്തിൽ ഉണ്ട്. രാജദൂത് സുരക്ഷിതമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ലോഹത്തില്‍ നിര്‍മിച്ച കവചം. പഴയ കാലത്തെ കത്തികള്‍. പഴമയുടെ പെരുമ പറയുന്ന മുറുക്കാന്‍ ചെല്ലവും ചുണ്ണാമ്പ് പാത്രവും, ചെമ്പിൽ നിർമിച്ച ഗ്ലാസ്, കത്തോലിക്ക പള്ളികളിലേയ്ക്ക് ഓസ്‌തി നിര്‍മിച്ചിരുന്ന അച്ച് അങ്ങനെ നീളുന്നു മത്തായിയുടെ പുരാവസ്തു ശേഖരം.
വിപണിയില്‍ വലിയ വില ലഭിക്കുന്ന പിച്ചള കിണ്ണമടക്കമുള്ളവയ്ക്ക് പതിനായിരങ്ങളും അതില്‍ കൂടുതലും വില പറഞ്ഞ് നിരവധി ആളുകൾ എത്തുന്നുണ്ടെങ്കിലും വിറ്റ് കാശാക്കാന്‍ മത്തായി തയ്യാറല്ല. വ്യാപാര സ്ഥാപനത്തിനോട് ചേർന്ന് ഒരു മ്യുസിയം നിര്‍മിച്ച് ചരിത്രത്തിന്റെ അവശേഷിപ്പുകൾ എല്ലാവർക്കും കാണുന്നതിനും പഠിക്കുന്നതിനും അവസരം ഒരുക്കുകയെന്നതാണ് മത്തായിയുടെ ആഗ്രഹം.