ഇടുക്കി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായിട്ടുളള പാറ ഖനനത്തെ തുടർന്നുണ്ടായ വന്‍ മലയിടിച്ചിലില്‍ തകർന്നടിഞ്ഞ് ഗ്യാപ് റോഡ്. മലയിടിഞ്ഞ് റോഡ് ഗതാഗതം നിലച്ചതോടെ ചിന്നക്കനാല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്. 2017ല്‍ 380 കോടി ചെലവില്‍ ദേശീയപാത 85 - മൂന്നാര്‍ മുതല്‍ ബോഡിമെട്ട് നവീകരണം ആരംഭിച്ചതാണ്. നിർമാണ പ്രവർത്തനം തുടങ്ങിയത് മുതല്‍ പാറകൾ തകർന്ന് റോഡിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും വീഴാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായി. ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലിനൊപ്പം വലിയ പാറകൾ കൂടിയെത്തിയതോടെ ഏക്കർ കണക്കിന് കൃഷിയിടം ഇല്ലാതായി.
അതീവ പരിസ്ഥിതി ലോല പ്രദേശത്ത് പഠനം നടത്താതെ പാറ പൊട്ടിക്കാൻ അനുമതി നല്‍കിയതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ മലയിടിച്ചിലില്‍ നിർമാണ തൊഴിലാളി മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തിരുന്നു. പാറഖനനമാണ് മണ്ണിടിച്ചിലിന് കാരണമെന്നും പഠനം നടത്തിയതിന് ശേഷമേ നിര്‍മാണ അനുമതി നല്‍കാവു എന്നും മുൻ സബ് കലക്‌ടറും ഉടുമ്പന്‍ചോല തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാല്‍ തുടർ നടപടി ഒന്നും ഉണ്ടായില്ല. റോഡ് വികനത്തിന്‍റെ മറവില്‍ നടക്കുന്ന പാറഖനനം പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഗ്യാപ് റോഡ് വഴി പൂർണമായും ഗതാഗതം നിലച്ചത് മൂന്നാറിലെ ടൂറിസത്തെയും സാരമായി ബാധിക്കും.