ഇടുക്കി: രാമായണ മാസാചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നു. ക്ഷേത്രങ്ങളിലും പരിസരങ്ങളിലും ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് രാമായണ മാസത്തെ ഭക്‌തജനങ്ങൾ വരവേറ്റത്. ദീപങ്ങൾ തെളിയിക്കുന്നത് ക്ഷേത്രത്തിന്‍റെ ചൈതന്യ വർധനവിനും നാടിന്‍റെ ഐശ്വര്യത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് വിശാസികളാണ് ദീപങ്ങൾ അണിയിച്ച് ഒരുക്കിയത്.
മലയോരമേഖലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രം. രാമായണ മാസാചരണം ഭക്‌തിസാന്ദ്രമായ ചടങ്ങുകളോടെയാണ് എല്ലാ വർഷവും ഇവിടെ നടത്തിവരുന്നത്. ദൂരെ ദേശങ്ങളിൽ നിന്ന് ഭക്‌തജനങ്ങൾ ആചാരങ്ങളിൽ പങ്കെടുക്കാനും ദീപങ്ങൾ തെളിയിക്കുവാനും ഇവിടെ എത്തിച്ചേരാറുണ്ട്.