ഇടുക്കി: ജില്ലയിൽ തോരാതെ പെയ്‌ത മഴയ്ക്ക് ശമനമുണ്ടായതോടെ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിലച്ച ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ മഴയിൽ ദേശീയപാതയടക്കം ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിലച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടായത്.
മണ്ണിടിച്ചിലില്‍ ഗതാഗതം നിലച്ച കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ മണ്ണും കല്ലും നീക്കം ചെയ്‌ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിൽ സാധ്യതയും നിലനിന്നിരുന്നതിനാൽ ആഴ്‌ചകളായി ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയായിരുന്നു. മഴയും മൂടല്‍ മഞ്ഞും മൂലം റോഡിലേയ്ക്ക് പതിച്ച മണ്ണും കല്ലും നീക്കം ചെയ്യുന്നതിനും സാധിച്ചിരുന്നില്ല.
മഴ മാറി കാലാവസ്ഥ അനുകൂലമായതോടെയാണ് കൂറ്റന്‍ പാറക്കല്ലുകള്‍ പൊട്ടിച്ച് നീക്കിയും മണ്ണ് മാറ്റിയും ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. കാലാവസ്ഥ അനുകൂലമായാല്‍ ഈ ആഴ്‌ച തന്നെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇത്തവണ മഴ ആരംഭിച്ചതിന് ശേഷം രണ്ട് തവണയാണ് ദേശീയപാതയില്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഒരാഴ്‌ച മാത്രമാണ് ഇതുവഴി ഗതാഗതം ഉണ്ടായിരുന്നത്. മഴ ആരംഭിച്ചതോടെ ഇതുവഴിയുള്ള രാത്രികാല യാത്രയും ജില്ല കലക്‌ടർ നിരോധിച്ചിരുന്നു. മറ്റ് പ്രദേശങ്ങളിലും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.