ഇടുക്കി: പുറം ലോകം അറിയാതെ പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്‌മയ കാഴ്‌ചയാണ് ഇടുക്കി പൈനാവ് ഫ്ലവേഴ്‌സ് കുന്ന്. മേഘങ്ങൾ തൊട്ട് തലോടുന്ന ജില്ലയിലെ പ്രധാന മലനിരകളായ പാൽക്കുളംമേടും കുയിലിപാറയും കല്യാണതണ്ടുമെല്ലാം ഇവിടെ നിന്നാൽ ദൃശ്യമാവും. എപ്പോഴും വീശുന്ന കാറ്റും കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത.
വിസ്‌തൃതമായ ഇടുക്കി വന്യജീവി സങ്കേതവും ഫ്ലവേഴ്‌സ് കുന്നിൽ നിന്നുള്ള പ്രധാന കാഴ്ച്ചയാണ്. ജില്ല ആസ്ഥാനമായ പൈനാവിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
ഇടുക്കി ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്‌തിട്ടും വേണ്ടത്ര പരിഗണന കിട്ടാതെ പോയ ഇടമാണ് ഫ്ലവേഴ്‌സ് കുന്ന് വ്യൂ പോയിന്‍റ്. ഏറെ മനോഹരമായ പ്രദേശമാണെങ്കിലും പ്രാദേശികമായി പോലും അധികം ആളുകൾ ഇവിടെ എത്താറില്ല. വിനോദസഞ്ചാര വകുപ്പും ത്രിതല പഞ്ചായത്തുകളും മുൻകൈ എടുത്താൽ ഫ്ലവേഴ്‌സ് കുന്നിനെ ഇടുക്കിയിലെ ഒരു പ്രധാന സന്ദർശന കേന്ദ്രമാക്കി മാറ്റാനാകും.
Also read: ഇളവുകൾ തുണയായി, ഇടുക്കി ഉണരുന്നു: കുളിരും കാഴ്‌ചയും തേടി സഞ്ചാരികളുടെ വരവ്