ഇടുക്കി: രാജാപ്പാറയിലെ നിശാപാര്‍ട്ടി കേസില്‍ 22 പേരെ കൂടി അറസ്റ്റ് ചെയ്‌തു. രാജാപ്പാറയിലെ കരിങ്കല്‍ ക്വാറിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ക്വാറി ഉടമ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 28 ആയി. അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അതേ സമയം, നിശാപാര്‍ട്ടിയില്‍ വിവാദത്തിലായ ജംഗിള്‍പാലസ് റിസോര്‍ട്ടും തണ്ണിക്കോട്ട് ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയതോടെ ഇരു സ്ഥാപനങ്ങള്‍ക്കും സ്റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ട്. ക്രഷര്‍ യൂണിറ്റിന് റവന്യൂ വകുപ്പും റിസോര്‍ട്ടിന് ശാന്തമ്പാറ പഞ്ചായത്തുമാണ് നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. റിസോർട്ടിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശാന്തമ്പാറ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. മുമ്പ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇത് പുതുക്കിയിരുന്നില്ല. കൊവിഡ് സാഹചര്യത്തിൽ അനധികൃതമായി പ്രവര്‍ത്തിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുകയും ചെയ്തതിന് എതിരെയാണ് പഞ്ചായത്തിന്‍റെ നടപടി.
ഇതോടൊപ്പം തണ്ണിക്കോട്ട് ക്രഷര്‍ യൂണിറ്റിനും പൂട്ടുവീണു. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത് പഞ്ചായത്തിന്‍റെയും മൈനിങ്ങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയും അനുമതി ഇല്ലാതെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് ക്രഷര്‍ യൂണിറ്റ് അടച്ചിടാന്‍ നിർദേശം നല്‍കിയത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് തഹസില്‍ദാര്‍ നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതും നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയതും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ, നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജാപ്പാറയില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. അർധ നഗ്ന സ്ത്രീകളുടെ നൃത്തവും മദ്യസത്കാരവും ഉള്‍പ്പടെ പാര്‍ട്ടിയിൽ ഉൾപ്പെടുത്തിയിരുന്നു.