ഇടുക്കി : ജൈവവള വിതരണത്തിന്റെ മറവില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വന്‍ തട്ടിപ്പെന്ന് പരാതി. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍ നിന്നും ഗുണഭോക്തൃ വിഹിതം പിരിച്ചെടുത്ത ശേഷവും, ടെണ്ടര്‍ നടപടികള്‍ വൈകിപ്പിച്ച് ഭരണസമിതി അഴിമതിക്ക് അവസരം ഒരുക്കുന്നുവെന്നാണ് ആരോപണം.
പഞ്ചായത്തിലെ രണ്ടായിരം കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ ജൈവ വളം ലഭിയ്ക്കുന്ന രീതിയിലാണ് ഭരണസമിതി പദ്ധതി വിഭാവനം ചെയ്‌തിരുന്നത്. പദ്ധതിക്കായി 30 ലക്ഷം രൂപ പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായും കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പദ്ധതിയ്ക്ക് ആവശ്യമായ വളം 27 ലക്ഷം രൂപയ്‌ക്ക് കൈമാറാമെന്നാണ് വളം കമ്പനി നേരത്തെ അറിയിച്ചിരുന്നത്.
പിരിച്ചെടുത്ത തുകയില്‍ അധികം വന്ന തുക അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, അധികം വന്ന തുകയ്ക്ക് ആനുപാതികമായി കര്‍ഷകര്‍ക്ക് കൂടുതല്‍ വളം നല്‍കുമെന്നാണ് വിഷയത്തില്‍ ഭരണസമിതി നല്‍കിയ മറുപടി.
Also read: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
പദ്ധതിയ്‌ക്കായി ഡിപിസി അംഗീകാരം ലഭിയ്ക്കുന്നതിന് മുന്‍പ് തന്നെ ഗുണഭോക്തൃ വിഹിതം ഭരണസമിതി കര്‍ഷകരില്‍ നിന്ന് പിരിയ്ക്കുകയായിരുന്നു. ഒരു കര്‍ഷകനില്‍ നിന്ന് അഞ്ഞൂറ് രൂപ വീതമാണ് ഇതിനായി വാങ്ങിയത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡില്‍ ഓരോ കര്‍ഷകനില്‍ നിന്നും 600 രൂപ വീതം വാങ്ങിയതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.
പണപ്പിരിവിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ടെണ്ടര്‍ പ്രകാരമുള്ള തുകയുടെ അടിസ്ഥാനത്തില്‍, ഗുണഭോക്തൃ വിഹിതമായി 300 രൂപയില്‍ താഴെമാത്രമാണ് കര്‍ഷകരില്‍ നിന്ന് വാങ്ങേണ്ടി വരിക. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഗുണഭോക്തൃ വിഹിതമായി അധികം തുക കര്‍ഷകരില്‍ നിന്ന് പിരിച്ചെടുത്തിട്ടും, വളം വിതരണം പഞ്ചായത്തില്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല.