ഇടുക്കി: ഹൈറേഞ്ചിന്‍റെ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തില്‍ ജലസേചന സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജലലഭ്യത കുറഞ്ഞതിനാൽ മൂന്ന് കൃഷിയിറക്കിയിരുന്ന ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തില്‍ ഇപ്പോള്‍ ഒരു കൃഷിമാത്രമായി ചുരുങ്ങി. ഇടുക്കി ജില്ലയിലെ ഭുരിഭാഗം പാടശേഖരങ്ങളും തരിശായി മാറിയപ്പോള്‍ കുടിയേറ്റ കാലം മുതല്‍ നെല്‍കൃഷി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്ന കര്‍ഷകരാണ് ബൈസണ്‍വാലി പഞ്ചായത്തിലെ മുട്ടുകാട് നിവാസികൾ. ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും അനുകൂലമായ നടപടികള്‍ ഇതുവരെ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
പാടശേഖരത്തോട് ചേര്‍ന്ന് ചെക്ക് ഡാം നിര്‍മിച്ചെങ്കിലും ഇതില്‍ വെള്ളം കെട്ടി നില്‍ക്കാതെ ചോര്‍ന്നുപോവുകയാണ്. ചെക്ക് ഡാമിന്‍റ തകരാറുകള്‍ പരിഹരിച്ച് അറ്റകുറ്റപണി നടത്തി സംരക്ഷിച്ചാല്‍ നെല്‍കൃഷിക്കും ഒപ്പം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണുവാന്‍ കഴിയും. ഇതിനായി സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് പഞ്ചായത്തംഗം ലാലി ജോര്‍ജ് പറഞ്ഞു.
തടയണയില്‍ അറ്റകുറ്റപണി നടത്തിയാല്‍ പാടശേഖരത്തിന്‍റെ മധ്യത്തിലൂടെ കടന്നുപോകുന്ന തോട്ടിലൂടെ വെള്ളമെത്തിച്ച് കൃഷിയിറക്കുവാനും സാധിക്കും. കൃഷി തുടരാന്‍ സാധിച്ചാല്‍ നെല്ലുല്‍പ്പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് സാധിക്കും.