ഇടുക്കി: വഴിയും വെളിച്ചവുമില്ലാതെ കാട്ടാന ഭീതിയില്‍ അധികൃതരുടെ കനിവും കാത്ത് കഴിയുകയാണ് ഇടുക്കി ചിന്നക്കനാലിലെ ഒരു കുടുംബം. 2014ലില്‍ വൈദ്യുതി ലഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടും സ്വാകാര്യ കമ്പനി ജീവനക്കാരന് കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ കള്ളക്കേസില്‍ കുടുങ്ങിയതാണ് ഇന്നും ഈ കുടുംബം ഇരുട്ടില്‍ കഴിയാന്‍ കാരണം. വീട്ടിലെത്തണമെങ്കില്‍ ജീപ്പ് പോലുള്ള വാഹനങ്ങൾ മാത്രമാണ് ആശ്രയം. മഴ പെയ്താല്‍ ഇതും നിലയ്ക്കും.
വീട്ടിലെത്തിയാല്‍ വെളിച്ചമില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. 2014ല്‍ വൈദ്യുതി കണക്ഷന് അനുമതി ലഭിച്ചു. പോസ്റ്റുകള്‍ നാട്ടി ലൈന്‍ വലിക്കുന്നതിന് നടപടികള്‍ ആരംഭിച്ച സമയത്ത് വൈദ്യുത ലൈന്‍ കടന്നുപോകുന്നത് എച്ച് എന്‍ എല്‍ കമ്പനിയുടെ പ്ലാന്‍റേഷനിലൂടയാണെന്നും ഒന്നര ലക്ഷം രൂപ തന്നാല്‍ മാത്രമേ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുവദിക്കൂ എന്നും ജീവനക്കാരന്‍ അറിയിച്ചു. പണം കൊടുക്കാനില്ലെന്നറിയിച്ചതോടെ ഇയാള്‍ പരാതി നല്‍കി. ഇതോടെ വൈദ്യുതി വെളിച്ചമെന്ന ഇവരുടെ സ്വപ്‌നം ഇരുളടഞ്ഞു. കുട്ടികളുടെ പഠനം അടക്കം മുടങ്ങുന്ന സാഹചചര്യത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുന്ന മൂത്ത മകളെ കോതമംഗലത്തെ ബന്ധുവീട്ടിൽ നിര്‍ത്തിയിരിക്കുകയാണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്ത മകന്‍റെ പഠനവും ഇപ്പോള്‍ പ്രതിസസന്ധിയിലാണ്. കാട്ടാന അക്രമണവും ഇവിടെ പതിവായി മാറി. വെളിച്ചമില്ലാത്തതിനാല്‍ രാത്രികാലത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
വൈദ്യുതി ലഭിക്കുന്നതിന് പഞ്ചായത്ത് മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവരുടെ അനുമതിയുണ്ട് ഇവര്‍ക്ക്. എന്നാല്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ അധികൃതരും ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്.