ഇടുക്കി: 2018 പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി മാങ്കുളം ആറാം മൈല്‍ - അമ്പതാം മൈല്‍ റോഡിന് ഇനിയും ശാപമോക്ഷമില്ല. റോഡിന്‍റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ച് ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇതുവരെ നിര്‍മാണം ആരംഭിച്ചിട്ടില്ല. റീബില്‍ഡ് കേരളയിലൂടെ റോഡ് നവീകരിക്കുമെന്ന വാഗ്‌ദാനം നടപ്പിലാകാത്ത സാഹചര്യത്തില്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
മാങ്കുളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. 2018 ലെ പ്രളയത്തില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഈ മൂന്ന് വാര്‍ഡുകളും ഒറ്റപ്പെട്ടിരുന്നു. ഇതിന് ശേഷം റോഡിലൂടെ താത്‌കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മേല്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ആശ്രയിച്ചാണ് ആദിവാസികളടക്കമുള്ളവര്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത്. എന്നാല്‍ നിലവില്‍ ടാക്‌സി വാഹനങ്ങളും ഇവിടേക്ക് കടന്ന് വരാത്ത സാഹചര്യമാണ്. സ്‌കൂള്‍ ബസുകളും സര്‍വിസ് നിര്‍ത്തിയതോടെ വിദ്യാര്‍ഥികളും ദുരിതത്തിലായി.
നിലവില്‍ പ്രദേശവാസികള്‍ക്ക് ഗതാഗത സൗകര്യത്തിനായി ആറോളം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. മൂന്ന് വാര്‍ഡുകളിലായി എട്ടോളം ആദിവാസി കുടികളാണ് പ്രദേശത്ത് ഉള്ളത്. ആയിരത്തോളം കുടുംബങ്ങളാണ് ഗതാഗത സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നത്.