ഇടുക്കി : 150 മുളകള്‍, 17 ദിവസം. ഇടുക്കി കാഞ്ചിയാറില്‍ നോക്കിനില്‍ക്കെ ഒരു വീട് ഉയര്‍ന്നു. കാഞ്ചിയാര്‍ സ്വദേശി രതീഷാണ് പ്രകൃതിയോടിണങ്ങുന്ന മുള വീട് ഒരുക്കിയത്. സ്വീകരണ മുറി ഉൾപ്പെടെ മൂന്ന് മുറികളാണ് വീട്ടിൽ ഉള്ളത്.
കട്ടിലുകളും ഇരിപ്പിടങ്ങളുമെല്ലാം മുളയിലാണ്. മുറ്റത്ത് ചെടികൾ നട്ടിരിക്കുന്നതും മുളം കുറ്റികളിൽ. ഇത് എത്തിക്കാനും മേൽക്കൂര മേയാനാവശ്യമായ ഷീറ്റിനുമായി 25,000 രൂപ മാത്രമാണ് രതീഷിന് ചെലവുവന്നത്.
Also read: നാലാംക്ലാസുകാരി ഇഷലിന്‍റെ കളി കോഡിങ്ങില്‍, ഇതിനകം രൂപകല്‍പ്പന ചെയ്തത് 60 ആപ്പുകള്‍
ആറ് മാസം മുന്‍പ് വാങ്ങിയ 20 സെന്‍റ് സ്ഥലത്താണ് മുള വീട് നിര്‍മിച്ചത്. അച്ചന്‍കോവിലിലെ ഒരു സുഹൃത്തിന്‍റെ മുള വീടാണ് പ്രചോദനമായത്. ഭാര്യ സവിതയും മക്കളായ അശ്വിനും അർജുനും പിന്തുണ നല്‍കിയതോടെ നിര്‍മാണം തുടങ്ങി.
മണ്ണ് നീക്കം ചെയ്‌ത് തറ കെട്ടിയതും മുള പാകപ്പെടുത്തിഎടുത്തതുമെല്ലാം രതീഷ് ഒറ്റയ്ക്കാണ്. 17 ദിവസം കൊണ്ടാണ് വീടിന്‍റെ നിർമാണം പൂർത്തിയാക്കിയത്. വീട് ഒരുക്കിയതിന്‍റെ ബാക്കിയുള്ള ഭാഗത്ത് ഏലം ഉൾപ്പെടെയുള്ള കൃഷികളാണ്.