ഇടുക്കി: ജില്ലയിലെ അതിർത്തി ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന്‍റെ സീറ്റ് വിഭജനം പൂർത്തിയായി. ഘടക കക്ഷികൾക്ക് അർഹമായ പരിഗണന നൽകിയാണ് സീറ്റ് വിഭജനം നടത്തിയത്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ സീറ്റു വിഭജനമാണ് പൂർത്തിയായത്. നെടുങ്കണ്ടത്ത് സിപിഎം 10 വാർഡുകളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗം ആറിടത്തും സിപിഐ അഞ്ച് വാർഡുകളിലും ജനാധിപത്യ കേരള കോൺഗ്രസ് ഒരിടത്തും മത്സരിക്കും. കരുണാപുരത്ത് സിപിഎം 10, സിപിഐ അഞ്ച്, കേരള കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില. പാമ്പാടുംപാറയിൽ ഒമ്പത് വാർഡുകളിൽ സിപിഎം മത്സരിക്കുമ്പോള്‍ സിപിഐയും കേരള കോൺഗ്രസും മൂന്ന് വീതം വാർഡുകളിൽ മത്സരിക്കും.
വനിതകൾക്കും യുവാക്കൾക്കും പരിഗണന നൽകിയാണ് സിപിഎം സ്ഥാനാർഥികളെ നിശ്ചയിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ മത്സര രംഗത്തുണ്ട്. നിലവിൽ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് വനിത മെമ്പർമാർ ഇത്തവണ ജനറൽ വാർഡുകളിൽ മത്സരിക്കും. സിപിഎമ്മിന്‍റെ മൂന്ന് പഞ്ചായത്തുകളിലും ഭരണം പിടിച്ചെടുക്കാനാവുമെന്ന ആത്മവിശ്വസത്തിലാണ് ഇടതുമുന്നണി.