ഇടുക്കി:ഇവർ അടുക്കളയിൽ നിന്ന് അരങ്ങിലേക്കെത്തിയവരല്ല,വിദ്യാലയങ്ങളിൽ നിന്ന് പൊതുപ്രവർത്തന രംഗത്ത് ചുവടുവെച്ചവരാണ്. ക്ലാസ് മുറികളിൽ നിന്ന് തെരഞ്ഞെടുപ്പ് പരീക്ഷയിൽ വിജയിക്കാൻ എത്തിയിരിക്കുകയാണ് ഇടുക്കിയിലെ ഈ അധ്യാപകർ. ജില്ലാ പഞ്ചായത്തിന്‍റെ രാജാക്കാട് ഡിവിഷനിലും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ രാജാക്കാട് ഡിവിഷനിലും രാജകുമാരി പഞ്ചായത്തിലെ ഏഴാം വാർഡിലുമാണ് അധ്യാപികമാർ മത്സര രംഗത്തിറങ്ങിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് രാജാക്കാട് ഡിവിഷൻ ശ്രദ്ദേയമാകുന്നത് രണ്ട് അധ്യപികമാരുടെ നേർക്ക് നേർ പോരാട്ടം കൊണ്ടുകൂടി ആണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപികയുമായ കൊച്ചുത്രേസ്യാ പൗലോസും എൻ.ആർ.സിറ്റി സ്‌കൂളിലെ അധ്യാപികയും അവാർഡ് ജേതാവുമായ ഉഷാകുമാരി മോഹൻകുമാറുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് രാജാക്കാട് ഡിവിഷനിൽ മത്സരിക്കുന്നതാകട്ടെ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും എൻ.ആർ.സിറ്റി സ്‌കൂളിലെ അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രനാണ്. രാജകുമാരി പഞ്ചായത്തിലെ ഏഴാം വാർഡിലാകട്ടെ കന്നി അങ്കത്തിന് ഇറങ്ങിയിരിക്കുന്നത് വിരമിച്ച അധ്യാപക ആലീസ് ജോർജ്ജാണ്.
ശിഷ്യഗണങ്ങളുടെ പിന്തുണയാണ് തെരഞ്ഞെടുപ്പിൽ നിൽക്കാനുള്ള പ്രചോദനമെന്ന് ഈ അധ്യാപകർ ഒരേ സ്വരത്തിൽ പറയുന്നു. തങ്ങൾ വിശ്വസിക്കുന്ന പാർട്ടിയിലൂടെയും പ്രവർത്തനത്തിലൂടെയും പൊതുമണ്ഡലത്തിൽ വിജയമുറപ്പിക്കാനുള്ള "വലിയ പരീക്ഷ" യുടെ തയ്യാറെടുപ്പിലാണ് നാടിൻ്റെ ഈ പ്രിയ അധ്യാപികമാർ.