ഇടുക്കി: ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. ചെറുതോണിയില്‍ നടക്കുന്ന റിലേ സത്യഗ്രഹത്തിന് പിന്തുണ നല്‍കിയാണ് സമരം സംഘടിപ്പിച്ചത്. സര്‍വേ -പട്ടയ നടപടികള്‍ വേഗത്തിലാക്കുക, ഭൂപതിവ് ചട്ടം ഭേതഗതി ചെയ്യുക, ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടന്നത്. രാജകുമാരിയില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി എം.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്‌തു.
ഭൂവിഷയങ്ങള്‍ ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചെറുതോണിയില്‍ കഴിഞ്ഞ 15 ദിവസമായി റിലേ സത്യഗ്രഹം നടത്തിവരികയാണ്. ഇതിന്‍റെ തുടര്‍ച്ച എന്നോണമാണ് സമരം സംഘടിപ്പിച്ചത്. അടുത്ത ഘട്ടമായി കലക്ടറേറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.