ഇടുക്കി: അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തുന്നതിനിടെ ഇടുക്കിയില്‍ വനംവകുപ്പിന്‍റെ അനാസ്ഥ മൂലം അധികൃതര്‍ മുറിച്ചിട്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ കെട്ടിക്കിടന്ന് നശിയ്ക്കുന്നതായി പരാതി. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബോഡിമെട്ട് മുതല്‍ ഗ്യാപ് റോഡ് വരെയുള്ള ഭാഗത്ത് നിന്നും മുറിച്ച് നീക്കിയ ആയിരത്തിലധികം മരങ്ങളാണ് പഴകുന്നത്.
വനംവകുപ്പിന്‍റെ അനാസ്ഥ
കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനത്തിന്‍റെ ഭാഗമായി റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്നാണ് ഇരുവശങ്ങളിലും മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വന്നത്. വനം വകുപ്പ് കണക്കനുസരിച്ച് 1600 മരങ്ങളാണ് മുറിച്ച് മാറ്റേണ്ടിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും മുറിച്ചു.
എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചിട്ടതിന് ശേഷം ഇവ ലേലം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ല. രണ്ട് തവണ ലേല നടപടികള്‍ നടത്തിയെങ്കിലും വനം വകുപ്പ് നിശ്ചയിച്ച അമിതമായ മരവിലയ്ക്ക് ലേലം കൊള്ളാന്‍ ആരുമെത്തിയില്ല.
ഇതോടെ ഇവ ദേശീയപാതയ്ക്ക് സമീപത്തും പൂപ്പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. മഴയും വെയിലും കൊണ്ട് മരങ്ങള്‍ ഭൂരിഭാഗവും ചെതല്‍ പിടിച്ച് നശിച്ചുതുടങ്ങി. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ പാഴാകുന്നത്.
പലയിടത്തും സമാന അവസ്ഥ
ഇടുക്കിയില്‍ മാത്രമല്ല സംസ്ഥാനത്ത് പലയിടത്തും ഇതേ അവസ്ഥയാണ്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുറിച്ചിടുന്ന മരങ്ങളുടെ വില നിശ്ചയിക്കുന്നത് വനം വകുപ്പാണ്. ഇത് മരവിലയേക്കാള്‍ കൂടുതലായി നിശ്ചയിക്കുന്നതാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്താത്തത്. ന്യായമായ വില നിശ്ചയിക്കുകയും യഥാസമയം ലേലം നടത്തുകയും ചെയ്താല്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ലക്ഷങ്ങള്‍ എത്തും.