ഇടുക്കി: ഇടുക്കി രാമക്കൽമേട്ടിൽ നാട്ടുകാരെ ഷോക്കടിപ്പിച്ച് കെഎസ്ഇബിയുടെ വൈദ്യുത പദ്ധതി. നടപ്പുവഴിയുടെ ഓരത്ത് നിൽക്കുന്ന ഇല്ലിക്കാടിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനാണ് മഴക്കാലമായാൽ നാട്ടുകാർക്ക് ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകുന്നത്.
രാമക്കൽമേടിന് സമീപം അമ്മാവൻപടിയിൽ വർഷങ്ങൾക്ക് മുമ്പാണ് വൈദ്യുതിയെത്തിയത്. അന്ന് ലൈൻ വലിച്ചത് ഒരു കൂട്ടം ചെറിയ ഇല്ലിച്ചെടികൾക്ക് മുകളിലൂടെയായിരുന്നു. കാലക്രമേണ ഇല്ലികൾ വളർന്ന് മുളങ്കാടായി മാറി. വൈദ്യുതി ലൈൻ പൂർണമായും ഇല്ലിക്കാടിനുള്ളിലായി. മഴക്കാലമെത്തിയാൽ ഇല്ലിമരത്തില്‍ വൈദ്യുതി പ്രവഹിക്കും.
Also read: വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം
കെഎസ്ഇബിയുടെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലും തൂക്കുപാലം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പത്തോളം കുടുംബങ്ങളാണ് ഈ ലൈനിലൂടെ വൈദ്യുതി ഉപയോഗിക്കുന്നത്. മുള ലൈനിൽ മുട്ടുന്നതിനാൽ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പതിവാണ്. അപകടഭീഷണി ഉയർത്തി നിൽക്കുന്ന മുളകൾ വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.