ഇടുക്കി: തുടർച്ചയായി മണ്ണിടിഞ്ഞ് അപകട ഭീഷണി സൃഷ്ടിക്കുന്ന കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ കഴിഞ്ഞ ദിവസം ഒഴിവായത് വൻ ദുരന്തം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നിർമാണം നടക്കുന്ന റോഡില്‍ വൻ മണ്ണിടിച്ചിലുണ്ടായത്. പാറക്കല്ലുകളും മണ്ണും രണ്ടു കിലോമീറ്ററോളം താഴേക്ക് പതിച്ചു. പാറക്കല്ലുകൾ പതിച്ച് അടിവാരത്തെ മൂന്നു വീടുകൾ പൂർണമായും തകർന്നു. അറുപത് ഏക്കറോളം ഏലം കൃഷി അപ്രത്യക്ഷമായി. വീടുകളിൽ ആൾത്താമസം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടം രാത്രി സംഭവിച്ചതിനാല്‍ പകല്‍ സമയങ്ങളിൽ ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.
മഴ ശക്തമായി തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി തൊഴിലാളി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഏലത്തോട്ടത്തിലെ ജോലികൾ നിർത്തിവെച്ചിരിക്കുകയാണ്