എറണാകുളം: ഇടമലയാര്‍ ഡാമിന്‍റെ നാലു ഷട്ടറുകളും തുറന്നു. ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിന് എറണാകുളം ജില്ല കലക്‌ടര്‍ അനുമതി നല്‍കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്‍റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം രാത്രിയോടു കൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു. ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള കൂടുതല്‍ വെള്ളവും വൈകിട്ടോടെ എറണാകുളം ജില്ലയില്‍ ഒഴുകിയെത്തും.
ഉച്ചയ്ക്ക് 12 മുതല്‍ 1600 ക്യുമെക്‌സിനും 1700 ക്യുമെക്‌സിനുമിടയില്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടില്‍ നിന്നു പുറത്തേക്കൊഴുകുന്നത്. നിലവിൽ പെരിയാറിലെ ജലനിരപ്പ് രേഖപ്പെടുത്തുന്ന മൂന്ന് കേന്ദ്രങ്ങളിലും പ്രളയ മുന്നറിയിപ്പിന് താഴെയാണ് വെള്ളമൊഴുക്കുന്നത്. അതേസമയം പെരിയാറിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.