ഇടുക്കി: ഇടമലക്കുടിയിലെ ട്രൈബൽ എൽ പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മലയാള ഭാഷ പഠിക്കാം. വിദ്യാര്‍ഥികള്‍ക്ക് മലയാള ഭാഷ പഠിക്കുന്നതിനായി പഠിപ്പുറസി എന്ന പദ്ധതി രൂപീകരിച്ചു. ലിപിയില്ലാത്ത ഗോത്ര മുതുവാൻ വാമൊഴിയെ മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തിയ പദ്ധതിയാണ് പഠിപ്പുറസി.
മേഖലയിലെ കുട്ടികള്‍ക്ക് മലയാളം പഠിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലയാള ഭാഷ അറിയാത്തത് കൊണ്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിപ്പിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച എസ്‌എസ്‌കെ പരിശീലകരും ജില്ലയില്‍ നിന്ന് തന്നെ തെരഞ്ഞെടുത്ത എഡ്യൂക്കേഷൻ വോളണ്ടിയർമാരെയും നിയമിച്ചു.
ഇവര്‍ സ്‌കൂളില്‍ താമസിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. മുതുവാന്‍ വിഭാഗത്തില്‍ നിന്ന് അറുപതോളം വിദ്യാര്‍ഥികളാണുള്ളത്. ഇവരെ വ്യത്യസ്‌ത ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കുന്നത്.
പാഠപുസ്‌തകങ്ങളോ മറ്റോ രീതികളോ അവലംബിക്കാതെ മുതുവാൻ വിഭാഗത്തിന്‍റെ തന്നെ ജീവിതരീതി, സംസ്‌കാരം, ചുറ്റുപാടുകൾ, ഭക്ഷണരീതി തുടങ്ങിയവ മനസിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാപരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത്. തമിഴ് മുതുവാൻ, മലയാളി മുതുവാൻ എന്നീ വിഭാഗങ്ങൾക്കായി പ്രത്യേക പരിശീലനമാണ് നൽകുക.
2015ല്‍ ഇടമലക്കുടിയില്‍ ജോലി ചെയ്‌തിരുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച 2500 വാമൊഴികള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്‌തിരുന്നു. ഇത് മലയാളം മുതുവാൻ ഭാഷാനിഘണ്ടു എന്ന പേരില്‍ 2021 ജൂണിൽ പുറത്തിറക്കി. നിഘണ്ടുവും കുട്ടികളുടെ മലയാളം പഠനത്തിന് മുതല്‍ക്കൂട്ടാവും.