ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയില്‍ മഴ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടവിട്ട ശക്തമായ മഴയാണ് പല മേഖലകളിലും രേഖപ്പെടുത്തുന്നത്. മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലായ് 11 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകിയെത്തിയ മഴ
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ കാലവര്‍ഷം വൈകിയാണെത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെ പല മേഖലകളിലും ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. എറ്റവും കൂടുതല്‍ മഴ ലഭിച്ചത് മലയോര മേഖലയിലാണ്. ഏറിയും കുറഞ്ഞും മഴ തുടരുകയാണ്.
മുന്‍കരുതല്‍ നിര്‍ദേശം
മഴ തുടര്‍ന്നാല്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമടക്കം സാധ്യയുള്ളതിനാല്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമടക്കം നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം.
ജലനിരപ്പ് താഴ്‌ന്ന് അണക്കെട്ടുകള്‍
അതേസമയം, ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറവാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് വൈഗ അണക്കെട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ഇവിടെയും ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2353.62 അടിയാണ്. ഇത് അണക്കെട്ടിന്‍റെ സംഭരണ ശേഷിയുടെ 49 ശതമാനം മാത്രമാണ്.
മറ്റ് ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് ഏറെ താഴെയാണ്. കുണ്ടള അണക്കെട്ടില്‍ 29 ശതമാനവും, മാട്ടുപ്പെട്ടിയില്‍ 29, ആനയിറങ്കല്‍ 30, പൊന്‍മുടിയില്‍ 46 ശതമാനവുമാണ് ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ 2018 മുതല്‍ വൈകിയെത്തുന്ന മണ്‍സൂണ്‍ ദുരിതം വിതയ്ക്കുന്നതിനാല്‍ മഴ ശക്തമാകുന്നത് മലയോരത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Also read: കോന്നി വനമേഖലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി