ഇടുക്കി: ബുധനാഴ്‌ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തൂക്കുപാലം പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മിന്നലിൽ നിരവധി വീടുകളിലെ വീട്ടുപകരണങ്ങൾ നശിച്ചു. ബുധനാഴ്‌ച രാത്രി 11ഓടെയാണ് ഇടുക്കിയിലെ തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ കനത്ത മഴ പെയ്‌ത് തുടങ്ങിയത്. മണിക്കൂറുകളോളം കനത്ത മഴയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പെയ്‌തത്.
തൂക്കുപാലം, പാമ്പുമുക്ക്, രാമക്കല്‍മേട്, മുണ്ടിയെരുമ, ബാലന്‍പിള്ള സിറ്റി, താന്നിമൂട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ കിണറുകളിലേക്ക് ചെളിവള്ളം ഇറങ്ങുകയും ചെയ്‌തു.
കല്ലാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് രാത്രി രണ്ട് മണിയോടെ രണ്ട് ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. 10 ക്യുമിക്‌സ് വെള്ളമാണ് കല്ലാര്‍ പുഴയിലൂടെ ഒഴുക്കി വിട്ടത്. തുടർന്ന് വെള്ളം കയറി തൂക്കുപാലം പാമ്പുമുക്ക് മസ്‌ജിദ് റോഡിന്‍റെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. താന്നിമൂട്ടിലെ നടപ്പാലത്തിന്‍റെ കൈവരി തകര്‍ന്നു. പ്രദേശത്ത് വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പല മേഖലകളിലും വൈദ്യുതി വിതരണവും തടസപെട്ടു.
ALSO READ: ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം ; ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി