ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസമായി ഹൈറേഞ്ച് മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. ഉടുമ്പൻചോല കുമ്പപാറയിൽ മരമൊടിഞ്ഞ് വീണ് ഗൃഹനാഥ മരിച്ചു. കൂമ്പപാറ മനോഹരന്‍റെ ഭാര്യ പുഷ്പയാണ് (48) മരിച്ചത്. ഉടുമ്പൻചോലയിൽ ശക്തമായ മഴയിൽ മരം വീണു വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു.
കുമളി മൂന്നാർ സംസ്ഥാന പാത, ഉടുമ്പൻചോല- രാജാക്കാട് റോഡ്, മൈലാടുംപാറ അടിമാലി, കൽകൂന്തൽ ബോഡി മെട്ട് റോഡ്, കൂട്ടാർ കമ്പംമേട് പാതകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഉടുമ്പൻചോല പാറത്തോട് മേട്ടകിൽ വനരാജിന്‍റെ വീട് ഭാഗികമായി തകർന്നു. മൂന്നാർ മറയൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മുതിരപ്പുഴ, പന്നിയാർ, കല്ലാർ, പാമ്പാർ തുടങ്ങിയ പുഴകളിലെ നീരൊഴുക്ക് വർധിച്ചു. ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയാണ്.
ദേവികുളത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിൽ കാറ്റും മഴയും ശക്തിയാർജ്ജിച്ചു. അണക്കെട്ടുകളിലേക്കും ജലാശയങ്ങളിലേക്കുമുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രി യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു.
READ MORE: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും