ഇടുക്കി: ജില്ലയിൽ മഴയും കാറ്റും ശക്തം. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്ത് കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാല്‍ ഹൈറേഞ്ച് മേഖലയില്‍ ഇതുവരെ മറ്റ് നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
മഴ തുടര്‍ന്നാല്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമടക്കം സാധ്യയുള്ളതിനാല്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമടക്കം നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം.
അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ട
ശക്തമായ മഴയില്‍ മുതിരപ്പുഴ, പന്നിയാര്‍ അടക്കമുള്ള പ്രധാന പുഴകളിലെ നീരൊഴുക്ക് ശക്തമായിട്ടുണ്ട്. എന്നാല്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇടുക്കി അണക്കെട്ടില്‍ 51 ശതമാനവും കുണ്ടള 31, മാട്ടുപ്പെട്ടി 30, ആനയിറങ്കല്‍ 33, പൊന്മുടി 39 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ജലനിരപ്പ് സംബന്ധിച്ച ആശങ്ക മുല്ലപ്പെരിയാറിലും നിലനില്‍ക്കുന്നില്ല.
read more:എറണാകുളത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം