ഇടുക്കി: പടയപ്പയും മൊട്ടവാലനും ചക്കകൊമ്പനും ഹോസ് കൊമ്പനും തുടങ്ങി ഇടുക്കിയുടെ മണ്ണില്‍ വിലസുന്ന ഒറ്റയാന്‍മാര്‍ നിരവധിയാണ്. പക്ഷെ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് അരികൊമ്പന്‍. അക്രമകാരിയായ അരികൊമ്പനെ കുടുക്കാന്‍ വനം വകുപ്പ് കെണിയൊരുക്കുന്നതും ഇവന്‍റെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയാണ്.
നാല്‍പതിനടുത്ത് പ്രായം. ഉയര്‍ന്ന മസ്‌തകം, നീളം കുറഞ്ഞ് കൂര്‍ത്ത കൊമ്പുകള്‍, നീണ്ട തുമ്പി കൈ ചുരുട്ടി, തലയുയര്‍ത്തിയുള്ള ഇവന്‍റെ നടപ്പ് കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും. ആകർഷണം മാത്രമല്ല, അരിക്കൊമ്പന്‍റെ അതിക്രമവും കൂടുതലാണ്. ജനജീവിതം പ്രതിസന്ധിയിലാക്കുന്ന അരിക്കൊമ്പനെ ഈ മാസം 25 ന് തന്നെ മയക്കു വെടി വക്കാനാണ് വനം വകുപ്പിന്‍റെ നീക്കം. അന്ന് പിടികൂടാൻ സാധിച്ചില്ലെങ്കിൽ 26 ന് രണ്ടാമത്തെ ശ്രമം നടത്തുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് പറഞ്ഞു.
അരികൊമ്പൻ എന്ന വിളിപ്പേര്: നിലവിൽ മതികെട്ടാന്‍ ചോലയില്‍ അരിക്കൊമ്പനൊപ്പം നില്‍ക്കാന്‍ കൊമ്പന്‍മാര്‍ കുറവാണ്. പതിറ്റാണ്ടുകളായി തുടരുന്ന മോഷണ പരമ്പരകളില്‍ നിന്നാണ് അരികൊമ്പനെന്ന വിളിപ്പേര് വീണുകിട്ടിയത്. ആദ്യം കള്ളകൊമ്പനെന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്. അരി തേടിയുള്ള യാത്ര, അരികൊമ്പനെന്ന പേര് സമ്മാനിച്ചു.
ചിന്നക്കനാല്‍ 301 കോളനിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയപ്പോള്‍ ആളുകളില്ലാത്ത ഷെഡില്‍ നിന്നും അരിയും പഞ്ചസാരയും മോഷ്‌ടിച്ചാണ് തുടക്കം. പിന്നീട് ആള്‍ താമസമുള്ള വീടുകളും റേഷന്‍ കടകളും തകര്‍ത്ത് അരി അകത്താക്കി തുടങ്ങി. ഏറ്റവും അധികം ആക്രമണം നേരിട്ടുള്ളത് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ്.
അരിക്കൊമ്പനെ സ്‌നേഹിച്ചവരും: ഇതുവരെ എത്ര വീടുകള്‍ തകര്‍ത്തിട്ടുണ്ടെന്നും കൃത്യമായി കണക്കില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം 10 ലധികം വീടുകള്‍ തകര്‍ത്തു. ചിന്നക്കനാലിലും ശാന്തന്‍പാറയിലും വിലസുന്ന കാട്ടാനകളെ നിരീക്ഷിയ്‌ക്കുന്ന വനം വകുപ്പ് വാച്ചര്‍മാര്‍ എപ്പോഴും അരികൊമ്പനെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. പകലും രാത്രിയും നാട്ടിലിറങ്ങുമെങ്കിലും വാഹനങ്ങള്‍ക്ക് നേരെ അരികൊമ്പന്‍ അധികം ആക്രമണം നടത്തിയിട്ടില്ല.
അതുകൊണ്ട് ചിന്നക്കനാലിന്‍റെ മണ്ണിൽ നിന്നും അരികൊമ്പനെ മാറ്റുന്നതിൽ സങ്കടപ്പെടുന്ന ആന പ്രേമികളും ഉണ്ട് ഇടുക്കിയിൽ. ആനയിറങ്കലിന്‍റേയും ചിന്നക്കനാലിന്‍റേയും കാഴ്‌ചകള്‍ ആസ്വദിയ്‌ക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മുന്‍പില്‍ പലപ്പോഴും ഇവന്‍ പ്രത്യക്ഷപെടാറുണ്ടായിരുന്നു. മുന്‍പ് ഒരിയ്‌ക്കല്‍ മയക്കുവെടി വെച്ച് അരികൊമ്പനെ തളയ്‌ക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഇത്തവണ കുടുങ്ങുമെന്ന് തന്നെയാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ.
കെണിയൊരുക്കി വനം വകുപ്പ്: അരിക്കൊമ്പനെ പിടികൂടാൻ നാല് കുങ്കിയാനകളെ കൊണ്ടുവരാനാണ് വനം വകുപ്പ് തീരുമാനം. ഇതിന്‍റെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ ഇന്നലെ ചിന്നക്കനാലിൽ എത്തിച്ചിരുന്നു. ഇനി കുഞ്ചു, സൂര്യൻ, സുരേന്ദ്രൻ എന്നിവയെ അടുത്ത ദിവസങ്ങളിൽ ചിന്നക്കനാലിൽ എത്തിക്കും. അരിക്കൊമ്പനെ മയക്കുവെടി വച്ച ശേഷം കുങ്കിയാനയുടെ സഹായത്തോടെ ലോറിയിൽ കയറ്റിക്കൊണ്ട് പോകാനാണ് വനം വകുപ്പിന്‍റെ നീക്കം.
മയക്കുവെടി വയ്‌ക്കുന്നതിന് വേണ്ടിയുള്ള മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24 ന് മോക്ക് ഡ്രിൽ നടത്തും. മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നത തല യോഗം ചേരും. ഈ ശ്രമത്തിലൂടെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കും. ഇത്തവണ ദൗത്യം വിജയിക്കും എന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ പറഞ്ഞു.