ഇടുക്കി: വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണം, എന്നാൽ വൈദ്യുതാഘാതം ഏൽക്കാൻ ഇടയായ സാഹചര്യമാണ് വനം വകുപ്പ് പരിശോധിക്കുന്നതെന്നും കുറ്റം കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി വി വെജി വ്യക്തമാക്കി.
ബി എൽ റാവിലെ കുളത്താമ്പാറയ്ക്ക് സമീപം ഈശ്വരന്‍റെ ഏലത്തോട്ടത്തിലാണ് ഇന്നലെ രാവിലെ സിഗരറ്റ് കൊമ്പൻ എന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെറ്ററിനറി സർജന്മാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം കത്തിച്ചു. അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
ഏലത്തോട്ടങ്ങൾക്കിടയിൽ കൂടുതൽ സഥലങ്ങളിലും വൈദ്യുതിലൈനുകൾ താഴ്ന്ന് നിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നിരവധി തവണ കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധ ഒറ്റയാന്മാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നിവ എപ്പോഴും തനിയെ സഞ്ചരിക്കുന്നവരാണ്. എന്നാൽ, എപ്പോഴും ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണ് സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനായ സിഗരറ്റ് കൊമ്പന് 10 വയസായിരുന്നു പ്രായം. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണ് വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്ന് പേരിട്ടത്.