ഇടുക്കി: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് രംഗത്ത് ഉള്ള സ്ഥാനാർഥികളുടെ കണക്ക് വ്യക്‌തമായി. 2839 സ്ഥാനാർഥികളാണ് തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 52 പഞ്ചായത്തുകളിലായി 2595 പേർ മത്സരരംഗത്ത് ഉണ്ട്. 1272 പുരുഷന്‍മാരും 1323 സ്ത്രീകളുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ 20 നാമനിർദേശ പത്രികയാണ് പിൻവലിച്ചത്. ഇതോടെ 60 പേരാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 184 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 153 നാമനിർദേശ പത്രിക പിൻവലിച്ചു.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലാണ്. 81 പേർ. ഏറ്റവും കുറവ് സ്ഥാനാർഥികൾ പുറപ്പുഴ, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലാണ്. ഇവിടെ 34 പേരാണ് ജനവിധി തേടുന്നത്. ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി കൊക്കയർ ഗ്രാമപഞ്ചായത്തിലെ 80 വയസുകാരനായ ഇ. എ കോശിയാണ്. 21 വയസുളള ആറ് സ്ഥാനാർഥികളാണ് ജില്ലയിൽ ഉള്ളത്.