ഇടുക്കി: ബൈസൺവാലി പതിനെട്ടേക്കറിൽ ഏലക്കാ മോഷ്‌ടിച്ച് കടത്തുന്ന സ്‌ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. നേര്യമംഗലം സ്വദേശി ഡിന്‍റോ എൽദോസ് (33), കോതമംഗലം പുത്തൻപുരയ്ക്കൽ പങ്കജാക്ഷി (57) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പതിനെട്ടേക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന ഇരുവരെയും പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളായ ചിലർ ശ്രദ്ധിച്ചിരുന്നു. നടത്തം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഇവരെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വെള്ളിയാഴ്ച്ച ഇരുവരെയും പരിശോധിച്ചു. ടോർച്ച്, പിച്ചാത്തികൾ, സഞ്ചികൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു.
എസ്. ഐ വർഗീസിന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പച്ച ഏലക്കാ മോഷണത്തിനായി എത്തിയതാണെന്ന് മനസിലായത്.വൈകുന്നേരങ്ങളിൽ ബൈസൺവാലിക്കുള്ള അവസാന ബസിൽ എത്തുന്ന ഇവർ മറ്റാർക്കും സംശയം ജനിപ്പിക്കാത്ത വിധത്തിൽ വെയിറ്റിംഗ് ഷെഡിൽ തങ്ങുകയും, രാത്രിയാകുന്നതോടെ ഏലത്തോട്ടങ്ങളിൽ ഇറങ്ങി ചെടികളിൽ നിന്നും ശരം ഉൾപ്പെടെ അറുത്തെടുത്ത് വെയിറ്റിംഗ് ഷെഡിൽ മടങ്ങിയെത്തുകയും ചെയ്യും. തുടർന്ന് കായ് വേർപെടുത്തി സഞ്ചികളിലാക്കിയശേഷം അവിടെത്തന്നെ കിടന്നുറങ്ങുകയും, പുലർച്ചെ ആദ്യ ബസിന് സ്വദേശത്തേക്ക് മടങ്ങുകയുമായിരുന്നു പതിവ്.
കോതമഗലത്തെ ചില കടകളിലാണ് ഈ ഏലക്കാ വിറ്റിരുന്നത്. രാജാക്കാട് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ഇപ്രകാരം മോഷണം നടത്തിയിട്ടുള്ളതായും പ്രതികൾ സമ്മതിച്ചു. നാല് ടോർച്ചുകൾ, ശരം കണ്ടിക്കുന്നതിനുള്ള മൂന്ന് കത്തികൾ തുടങ്ങിയവ പൊലീസ് ഇവരിൽ നിന്നും കണ്ടെടുത്തു. ബൈസൺവാലി മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ നിന്നും പച്ച ഏലക്കാ മോഷണം പോയതായി പരാതികൾ ഉയർന്നിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായിരിക്കുന്നത്.സി. ഐ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.