ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ പതിനൊന്ന് മണിക്കാണ് അണക്കെട്ട് തുറന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. 2018 ലാണ് ഇതിനു മുൻപ് ഡാം തുറന്നത്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകളാണ് ഉയർത്തിയത്.
രാവിലെ 10.55ന് മുന്നറിയിപ്പ് സൈറൺ നൽകിയ ശേഷം 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി, ജില്ല കലക്‌ടര്‍ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് ആർ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്.
പെരിയാര്‍ തീരത്ത് അതീവ ജാഗ്രത
ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തിയത്. തുടർന്ന് ചെറുതോണി ടൗണിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം അഞ്ചു മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ ഷട്ടർ ഉയർത്തിയത്. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നാലാമത്തെ ഷട്ടർ ഉയർത്തിയത്.
അണക്കെട്ടിന്‍റെ 2,3,4 ഷട്ടറുകളാണ് 35 സെൻറ്റിമീറ്റർ വീതം ഉയർത്തിയത്. 100 സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.
വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
മണിക്കൂറിൽ 0.331 എംസിഎം വെള്ളമാണ് ഇടുക്കി ജലാശയത്തിലേക്ക് ഒഴുകി എത്തുന്നത്. വൈദ്യതി ഉല്‍പാദനത്തിനായി മണിക്കൂറിൽ 0.618 എംയു ജലം പ്രയോജനപ്പെടുത്തുന്നുണ്ട്. 2398.08 അടിയിൽ എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. സംഭരണശേഷിയുടെ 94.24% വെള്ളമാണ് അണക്കെട്ടിലുള്ളത്. പെരിയാർ തീരത്ത് നിന്നും 64 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങൾ മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുറച്ചുകൊണ്ട് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തിയിരിക്കുന്നത്.
Also read: ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി