ഇടുക്കി: ജില്ലയിലെ ഭൂവിഷയത്തില്‍ പരിഹാരമാവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനം. തുടര്‍ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അടുത്തമാസം ഒന്നിന് ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് കട്ടപ്പനയില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറയണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
1964ലെ ഭൂപതിവ് ചട്ടം ഭേതഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ സജീവമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2019 ഡിസംബറില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം കഴിഞ്ഞ ഒരു വര്‍ഷം പിന്നിട്ടിട്ടും ഭൂപതിവ് ചട്ടം ഭേതഗതി ചെയ്യുവാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ഇടുക്കി ജില്ലക്കാരെ രണ്ടാംതരക്കാരായി സര്‍ക്കാര്‍ കാണുന്നുവെന്നും വിഷയത്തില്‍ സമരമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗം പുതിയ മുന്നണി ബന്ധത്തിന് സാധൂകരണം നല്‍കി കൊണ്ട് ഭൂവിഷയത്തില്‍ നടത്തിയ പ്രസ്‌താവനയ്ക്ക് കൂടുതല്‍ വ്യക്തത നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.