ഇടുക്കി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി നിവാസികള്‍. ആനയിറങ്കല്‍ എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന റേഷന്‍കടയും പോസ്റ്റ് ഓഫിസും കമ്പനി വക ക്ലിനിക്കും തകര്‍ത്തു. ക്ലിനിക്കില്‍ ഉണ്ടായിരുന്ന മരുന്നുകളും ഉപകരണങ്ങളും പൂര്‍ണമായി നശിച്ചു. കാട്ടാന ആക്രമണം പേടിച്ച് പകൽ പോലും ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രതിദിനം കാട്ടാന ശല്യം വർധിക്കുമ്പോഴും വനം വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് തോട്ടം തൊഴിലാളികൾ ആരോപിച്ചു.
പ്രദേശത്ത് എലിഫന്‍റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിന്യസിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തന്നെ കൂടുതൽ കാട്ടാന ആക്രമണവും മരണവും റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാലും ശാന്തമ്പാറ പഞ്ചാത്തുകളിലെ തോട്ടം മേഖലയും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും കാട്ടാനകൾ കെട്ടിടങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു.
ഏക്കറു കണക്കിന് കൃഷിയിടവും നിരവധി വീടുകളും മുൻ ആക്രമണങ്ങളിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് ലഭിക്കേണ്ട നഷ്‌ടപരിഹാരത്തിനായി അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.
READ MORE: ഇടുക്കിയിൽ ചിന്നക്കനാലില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു